തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരനായ അഭിരാമിന്റെ കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. കൊല്ലാൻ ഉദ്ദേശിച്ചത് അഭിരാമിനെയല്ലെന്നും, അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നെന്നും കസ്റ്റഡിയിലുള്ള പ്രതി മൊഴി നൽകി. സുഹൃത്തിനെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോഗിക്കാൻ തീരുമാനിച്ചെന്നും, തുടർന്നുണ്ടായ തർക്കത്തിനിടെ കൊലപാതകം നടക്കുകയായിരുന്നു എന്നുമാണ് പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ.
ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഇൻസ്റ്റാഗ്രാം വഴി മെസേജ് അയച്ച് ശല്യപ്പെടുത്തിയത് അഭിരാമല്ലെന്നും മറ്റൊരു സുഹൃത്താണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും ഉമർ എന്നയാളും ഉൾപ്പെടെ മൂന്ന് പേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്ന് വൈകുന്നേരത്തോടെയാണ് അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പോലീസ് കണ്ടെത്തിയത്. പ്രതിയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
