Zygo-Ad

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ കടുത്ത നിയന്ത്രണം; ബുക്ക് ചെയ്ത ദിവസം എത്തിയില്ലെങ്കിൽ വീണ്ടും സ്ലോട്ട് ലഭിക്കില്ല


പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ കടുത്ത നിയന്ത്രണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും ചെയ്യുന്ന തീർത്ഥാടകർക്ക് മണ്ഡലക്കാലത്ത് പിന്നീട് സ്ലോട്ട് ലഭിക്കില്ല. അയൽസംസ്ഥാന ട്രാവൽ ഏജൻസികൾ വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നത് തടയാനാണ് ബോർഡിന്റെ ഈ കർശന നടപടി.

ബുക്ക് ചെയ്ത ദിവസം എത്താൻ അസൗകര്യമുള്ളവർക്ക് തീയതി മാറ്റുന്നതിനും ബുക്കിങ് റദ്ദാക്കുന്നതിനും ഓൺലൈൻ വഴി സൗകര്യം ഉണ്ടായിരിക്കും. എന്നാൽ മുൻകൂട്ടി റദ്ദാക്കാതെ ദർശനത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർക്കാണ് പുതിയ ബുക്കിങ്ങിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

കൂട്ടത്തോടെയുള്ള വ്യാജ ബുക്കിങ്ങുകൾ അവസാനിപ്പിക്കുന്നതിനായി ആധാർ അധിഷ്ഠിത ഒ.ടി.പി (OTP) വെരിഫിക്കേഷൻ കഴിഞ്ഞ ദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തീർത്ഥാടകന്റെയും ആധാർ വിവരങ്ങൾ നൽകി അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് വരുന്ന ഒ.ടി.പി ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോൾ വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.

അതേസമയം, ഓരോ തീർത്ഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യു.ആർ (QR) കോഡ് നൽകണമെന്നും ഇത് പമ്പയിലോ നിലയ്ക്കലോ വെച്ച് പരിശോധിക്കണമെന്നും ആലോചനയുണ്ടെങ്കിലും ഈ പരിഷ്കാരം ഉടൻ നടപ്പാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ