മണ്ണാർക്കാട്: അഞ്ച് ദിവസം നീണ്ടുനിന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി കണ്ണൂർ ജില്ല. 1585 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കൈമാറി.
1563 പോയിന്റുമായി മലപ്പുറം ജില്ല ഫസ്റ്റ് റണ്ണർഅപ്പ് ആയപ്പോൾ 1501 പോയിന്റുമായി പാലക്കാട് ജില്ല സെക്കൻഡ് റണ്ണർഅപ്പ് സ്ഥാനം കരസ്ഥമാക്കി.
സ്കൂൾ തലത്തിലുള്ള പോരാട്ടത്തിൽ 165 പോയിന്റോടെ വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. 153 പോയിന്റ് നേടിയ ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 152 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
നവംബർ 17 മുതൽ 21 വരെ മണ്ണാർക്കാട്ടെ വിവിധ വേദികളിലായി നടന്ന മേളയിൽ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി എന്നീ അഞ്ച് മേളകളിലായി 174 ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരച്ചത്.
