തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന് സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കും. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് തുള്ളിമരുന്ന് വിതരണം നടക്കുന്നത്.
പത്ത് ജില്ലകളിലായി അഞ്ച് വയസ്സിൽ താഴെയുള്ള 12,92,421 കുഞ്ഞുങ്ങൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. പതിവ് പ്രതിരോധ കുത്തിവെപ്പുകളുടെ ഭാഗമായി മുൻപ് പോളിയോ വാക്സിൻ എടുത്ത കുഞ്ഞുങ്ങൾക്കും ഇന്ന് നിർബന്ധമായും തുള്ളിമരുന്ന് നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തുള്ളിമരുന്ന് വിതരണത്തിനായി 13,453 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി 26,906 പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ-നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനാ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ബൂത്തുകൾ പ്രവർത്തിക്കും.
യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുന്നതിനായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലായി 373 ട്രാൻസിറ്റ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അതിഥി തൊഴിലാളി ക്യാമ്പുകൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിലേക്ക് 149 മൊബൈൽ ബൂത്തുകളും ഏഴ് ഉത്സവ/മേള ബൂത്തുകളും പ്രവർത്തിക്കും.
ഇന്ന് ബൂത്തുകളിൽ എത്താൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് നവംബർ 23, 24 തീയതികളിൽ വളണ്ടിയർമാർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് ഭവനസന്ദർശനത്തിന് നേതൃത്വം നൽകുക.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ മന്ത്രി കെ. മുരളീധരൻ നിർവ്വഹിക്കും. മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
