Zygo-Ad

ഫെയർനസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ; വിപണിയിൽ പല പേരുകളിൽ ഈ ക്രീം ലഭ്യമാണെന്ന് മുന്നറിയിപ്പ്


മലപ്പുറം: ഫെയർനസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചിരുന്നതായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ വെളിപ്പെടുത്തി. മലപ്പുറത്തെ 17-കാരിക്ക് സ്ഥിരീകരിച്ച 'മെംബ്രനസ് നെഫ്രോപ്പതി' (Membranous Nephropathy) എന്ന അതേ രോഗാവസ്ഥ തനിക്കും ഉണ്ടായതായും, താൻ ഉപയോഗിച്ചിരുന്ന അതേ ക്രീം തന്നെയാണ് ഇപ്പോൾ പല പേരുകളിലായി വിപണികളിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ അടക്കം ഈ ഫേസ് ക്രീം വിൽക്കുന്നുണ്ടെന്നും സലീം കോടത്തൂർ വ്യക്തമാക്കി.

കാസർകോടുള്ള ഒരു സുഹൃത്ത് നിർദ്ദേശിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഈ ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിറം വർദ്ധിക്കുന്ന രീതിയിലുള്ള ഫലം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു.

തുടർന്ന് മൂത്രനാളിയിലെ അണുബാധയും (Urinary Infection) കാലിലും കണ്ണിലും നീര് വരുന്ന അവസ്ഥയുമുണ്ടായി. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പിന്നീട് കാസർകോടുള്ള സുഹൃത്ത് തന്റെ ഡോക്ടറോട് ഫേസ് ക്രീം ഉപയോഗിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് ക്രീമിൽ മെർക്കുറിയുടെ അളവ് അപകടകരമാംവിധം കൂടുതലാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് സലീം കോടത്തൂരും തന്റെ ഡോക്ടറോട് ക്രീം ഉപയോഗിക്കുന്ന വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കരോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

രോഗം എന്താണെന്ന് തിരിച്ചറിയുന്നതിനായി ശരീരത്തിൽ നടത്താത്ത പരിശോധനകൾ ഒന്നുമില്ലായിരുന്നുവെന്നും, മാസങ്ങളോളം നീണ്ട ചികിത്സയ്ക്കും പരിശോധനകൾക്കും ശേഷമാണ് രോഗകാരണം പോലും കണ്ടെത്താനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ അപകടകരമായ ഉപയോഗത്തിനെതിരെ വലിയ ജാഗ്രത വേണമെന്ന സന്ദേശമാണ് സലീം കോടത്തൂരിന്റെ വെളിപ്പെടുത്തൽ നൽകുന്നത്.



വളരെ പുതിയ വളരെ പഴയ