തിരുവനന്തപുരം: ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളിൽ പ്ലാസ്റ്റിക്കും ലയിക്കാത്ത മാലിന്യങ്ങളും വലിച്ചെറിയുന്നവരിൽ നിന്ന് 2000 രൂപ വീതം സ്ഥലത്തുതന്നെ പിഴ ഈടാക്കും. ഡിസംബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കായിരിക്കും പിഴ ചുമത്താനുള്ള അധികാരം. പിഴ അടയ്ക്കാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. വിനോദസഞ്ചാരികൾക്കും വനത്തിലൂടെ യാത്ര ചെയ്യുന്ന ജനങ്ങൾക്കും നിയമം ബാധകമാണ്. പിഴയായി ഈടാക്കുന്ന തുക സംരക്ഷിതപ്രദേശം ശുചീകരിക്കുന്നതിനായി മാത്രം ഉപയോഗിക്കും.
വനമേഖലകളിൽ ഹരിതചട്ടം കൃത്യമായി നടപ്പാക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ, വി.എസ്.എസ്.-ഇ.ഡി.സി. പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതി രൂപീകരിക്കും.
