Zygo-Ad

വാഴക്കുലയിൽ എം.ഡി.എം.എ കടത്ത്: പ്രധാന പ്രതി ധനേഷ് എസ്. നായർക്ക് കർണാടകയിൽ 6 ഏക്കർ വാഴത്തോട്ടം; കടത്ത് 2023 മുതൽ


എറണാകുളം: ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായർ വാഴക്കുലയിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ തുടങ്ങിയത് 2023 മുതൽ എന്ന് പോലീസ് കണ്ടെത്തി. കർണാടകയിൽ ഇയാൾക്ക് ആറ് ഏക്കർ വാഴത്തോട്ടമുണ്ട്. നൈജീരിയൻ സ്വദേശികളിൽ നിന്നാണ് എം.ഡി.എം.എ ലഭിക്കുന്നതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.

സ്വന്തമായും മറ്റ് ഏജന്റുമാർ വഴിയും കൊച്ചിയിലേക്ക് എം.ഡി.എം.എ എത്തിച്ചിരുന്ന ഇയാൾ, ലഹരിമരുന്ന് കടത്താനായി ആളുകളെ ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്താറുണ്ടായിരുന്നു. കിലോക്കണക്കിന് എം.ഡി.എം.എ ശേഖരിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് ധനേഷിന്റെ രീതി. ഇയാൾ പിടിയിലായതോടെ ലഹരി ശൃംഖലയിലെ മറ്റു പലരും ഒളിവിൽ പോയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിക്കുന്ന രീതി വ്യക്തമാക്കുന്ന വീഡിയോകളും ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ആലുവയിൽ 185 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ ഹരികൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.



വളരെ പുതിയ വളരെ പഴയ