പാലക്കാട്: കടുത്ത വരൾച്ചയും മഴക്കുറവും മൂലം തമിഴ്നാട്ടിലും കർണാടകയിലും നെല്ലുൽപാദനം ഗണ്യമായി കുറഞ്ഞതോടെ കേരളം കടുത്ത അരിക്ഷാമത്തിലേക്ക് നീങ്ങുന്നു. ഉൽപാദനത്തിലുണ്ടായ ഇടിവ് കാരണം കേരളത്തിലേക്കുള്ള നെല്ലുവിതരണം വെട്ടിക്കുറയ്ക്കുമെന്ന് അയൽസംസ്ഥാനങ്ങളിലെ വ്യാപാരികൾ അറിയിച്ചതായി മില്ലുടമകൾ വ്യക്തമാക്കുന്നു. നിലവിൽ തന്നെ സംസ്ഥാനത്തേക്കുള്ള നെല്ലുവരവിൽ നാലിലൊന്ന് കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് ഇനിയും കുറയുമെന്നാണ് മുന്നറിയിപ്പ്.
പ്രതിവർഷം 40 ലക്ഷം മെട്രിക് ടൺ അരി ആവശ്യമുള്ള കേരളത്തിൽ കേവലം അഞ്ച് ലക്ഷം മെട്രിക് ടൺ മാത്രമാണ് ആഭ്യന്തര ഉൽപാദനം. അതിനാൽ, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള നെല്ലുവരവ് കുറയുന്നത് സംസ്ഥാനത്തെ പൊതുവിപണിയിൽ വലിയ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമാകും.
മട്ട അരിക്ക് തിരിച്ചടി:
കേരളത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള 'മട്ട' ഇനം നെല്ല് പ്രധാനമായും എത്തിയിരുന്ന തമിഴ്നാടിനെ മഴക്കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. അവിടെ നെല്ല് വിളവിറക്കുന്നതിൽ 28 ശതമാനത്തോളം കുറവുണ്ടായി. കതിരിൽ പാലുറയ്ക്കുന്ന സമയത്തുണ്ടായ കടുത്ത ചൂടും വിളവിനെ ബാധിച്ചു. കൂടാതെ, 'പൊന്നി' ഇനം നെല്ലിന് തമിഴ്നാട്ടിൽ കൂടുതൽ വില ലഭിക്കുന്നതിനാൽ പല കർഷകരും മട്ട നെല്ല് കൃഷി ചെയ്യുന്നത് നിർത്തിയതും കേരളത്തിന് കനത്ത തിരിച്ചടിയായി. ജനുവരി - ഏപ്രിൽ സീസണിൽ 200 കോടിയിലേറെ രൂപയുടെ നെല്ലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്താറുള്ളത്. മഴക്കുറവ് കാരണം കൃഷ്ണരാജസാഗർ, തുംഗഭദ്ര അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നതാണ് കർണാടകയിലെ നെൽക്കൃഷിയെ പ്രതിസന്ധിയിലാക്കിയത്.
ബിരിയാണി അരിക്കും ക്ഷാമം:
സാധാരണ അരിക്ക് പുറമെ ബിരിയാണി അരിക്കും വിപണിയിൽ കടുത്ത ക്ഷാമം നേരിടുകയാണ്. കേരളത്തിൽ ബിരിയാണിക്കായി കൂടുതലായി ഉപയോഗിക്കുന്ന കൈമ അരി പ്രധാനമായും എത്തുന്നത് പശ്ചിമ ബംഗാളിൽ നിന്നാണ്. ഒന്നോ രണ്ടോ വർഷം പഴക്കമുള്ള നെല്ല് കുത്തി അരിയാക്കുമ്പോഴാണ് മികച്ച ഗുണവും മണവും ലഭിക്കുന്നത്. എന്നാൽ, മുൻവർഷങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനം ബംഗാളിലെ ഉൽപാദനത്തെയും സാരമായി ബാധിച്ചു. ഇതിനുപുറമെ, രാജ്യാന്തര വിപണിയിൽ ബിരിയാണി അരിക്ക് ആവശ്യക്കാർ ഏറിയതോടെ കയറ്റുമതി വർദ്ധിച്ചതും കേരളത്തിലേക്കുള്ള അരിവരവ് കുറയാൻ കാരണമായിട്ടുണ്ട്.
