കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആകർഷകമായ മൊബൈൽ റീചാർജ് ഓഫറുകളുടെ മറവിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. 399 രൂപയ്ക്ക് ഒരു വർഷത്തെ റീചാർജ് ഉൾപ്പെടെയുള്ള മോഹനവാഗ്ദാനങ്ങൾ നൽകി ഉപയോക്താക്കളെ വലയിലാക്കി ബാങ്ക് അക്കൗണ്ടുകളിലെ പണം മുഴുവൻ തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ അധികൃതർ കർശന ജാഗ്രതാ നിർദ്ദേശം നൽകി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഒരു മാസത്തെ റീചാർജ് തുകയ്ക്ക് ഒരു വർഷത്തെ സേവനം ലഭിക്കുമെന്ന തരത്തിലുള്ള വ്യാജ പരസ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് വലിയ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇത്തരം ലിങ്കുകളിൽ പ്രവേശിച്ച് പണമടയ്ക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. ആദ്യം റീചാർജ് തുക നഷ്ടപ്പെടുന്നതിന് പിന്നാലെ, വ്യാജ ലിങ്കുകളും സ്കാനർ സംവിധാനങ്ങളും ഉപയോഗിച്ച് അക്കൗണ്ടിലുള്ള മുഴുവൻ പണവും ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതി.
മൂവാറ്റുപുഴ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്:
കഴിഞ്ഞ ദിവസം സമാനമായ പരസ്യത്തിൽ വിശ്വസിച്ച് പണമടച്ച മൂവാറ്റുപുഴ സ്വദേശി തലനാരിഴയ്ക്കാണ് വൻ സാമ്പത്തിക നഷ്ടത്തിൽ നിന്നും രക്ഷപ്പെട്ടത്. 399 രൂപ അടച്ചിട്ടും റീചാർജ് ലഭിച്ചില്ലെന്ന് മാത്രമല്ല, പണം ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും പിന്നീട് വ്യക്തമായി. തുടർന്ന് ഫോണിലേക്ക് തുടർച്ചയായി തട്ടിപ്പ് ലിങ്കുകളും സന്ദേശങ്ങളും വന്നുതുടങ്ങിയതോടെ സംശയം തോന്നിയ ഇദ്ദേഹം ഉടൻ തന്നെ ബാങ്കിന്റെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാക്കിയതിനാൽ വലിയ നഷ്ടം ഒഴിവായി.
പൊതുജനങ്ങൾ ശ്രദ്ധിക്കാൻ:
* അപരിചിതർ അയക്കുന്നതോ സമൂഹമാധ്യമങ്ങളിൽ കാണുന്നതോ ആയ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
* സംശയാസ്പദമായ ക്യൂആർ (QR) കോഡുകൾ സ്കാൻ ചെയ്യാതിരിക്കുക.
* ഒ.ടി.പി (OTP), പിൻ (PIN), പാസ്വേഡ് തുടങ്ങിയ സ്വകാര്യ ബാങ്കിംഗ് വിവരങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്.
* റീചാർജുകൾക്കായി ടെലികോം കമ്പനികളുടെ ഔദ്യോഗിക ആപ്പുകളോ അംഗീകൃത പ്ലാറ്റ്ഫോമുകളോ മാത്രം ഉപയോഗിക്കുക.
