സംസ്ഥാനത്തെ വിവിധ നഴ്സിങ് കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശന തീയതി നവംബർ 30 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ഡിസംബർ രണ്ടിന് ആരംഭിക്കും.
എ.എൻ.എം, ജി.എൻ.എം, ബി.എസ്‌സി നഴ്സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ്, എം.എസ്‌സി നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിങ് എന്നീ കോഴ്സുകൾക്കാണ് പ്രവേശന സമയം നീട്ടി നൽകിയിട്ടുള്ളത്. സർക്കാർ, സ്വാശ്രയ നഴ്സിങ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനും കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നതിനുമായാണ് നടപടി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ പരിഗണിച്ച് ആരോഗ്യ-കുടുംബക്ഷേമ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികൾ നവംബർ 30-നകം പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
