Zygo-Ad

വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തർക്ക് മാത്രം പമ്പയിലേക്ക് യാത്രാനുമതി; ശബരിമല തീർത്ഥാടകർക്കായി കർശന നിർദ്ദേശങ്ങളുമായി കെ.എസ്.ആർ.ടി.സി


തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കുന്നതിനും പമ്പയിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പുതിയ തീരുമാനപ്രകാരം, വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്ത ഭക്തരെ മാത്രമേ ദീർഘദൂര ബസുകളിൽ പമ്പയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളിൽ പമ്പയിലേക്ക് നേരിട്ട് എത്തുന്നവരിൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാത്തവർക്ക് പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ലഭ്യമല്ല. ഇവർക്ക് ബുക്കിംഗിനായി വീണ്ടും നിലയ്ക്കലിലേക്ക് തിരികെ പോകേണ്ടി വരുന്നത് ഭക്തർക്ക് കടുത്ത ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്. കൂടാതെ പമ്പയിലും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളിലും ഇത് വലിയ തിരക്കിന് കാരണമാകുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് കെ.എസ്.ആർ.ടി.സി പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

കെ.എസ്.ആർ.ടി.സിയുടെ പ്രധാന നിർദ്ദേശങ്ങൾ:

 * പമ്പയിലേക്കുള്ള യാത്ര: വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രം പമ്പയിലേക്ക് യാത്ര അനുവദിക്കുകയും പമ്പയിൽ ഇറക്കുകയും ചെയ്യുക.

 * സ്പോട്ട് ബുക്കിംഗ് യാത്രക്കാർ: വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തരെ സ്പോട്ട് ബുക്കിംഗിനായി നിലയ്ക്കലിൽ ഇറക്കും. ഇവിടെ നിന്നും ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ഇവർക്ക് പമ്പയിലേക്ക് പോകുന്നതിനായി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളിൽ ആവശ്യമായ സൗകര്യം ഉറപ്പാക്കും.

 * കണ്ടക്ടർമാർക്കുള്ള നിർദ്ദേശം: ടിക്കറ്റ് നൽകുന്ന സമയത്തോ യാത്രയ്ക്കിടയിലോ കണ്ടക്ടർമാർ ഭക്തരുടെ വെർച്വൽ ക്യൂ ബുക്കിംഗ് വിവരം (ബുക്കിംഗ് സ്ലിപ്പ് അല്ലെങ്കിൽ ക്യൂ.ആർ കോഡ്) കൃത്യമായി പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നൽകാവൂ.

 * ബഹുഭാഷാ അറിയിപ്പുകൾ: ഇതരസംസ്ഥാന തീർത്ഥാടകർക്ക് ഉൾപ്പെടെ വ്യക്തമാകുന്ന തരത്തിൽ ഈ നിർദ്ദേശങ്ങൾ ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളിൽ പ്രദർശിപ്പിക്കുകയും അറിയിപ്പ് നൽകുകയും ചെയ്യും.



വളരെ പുതിയ വളരെ പഴയ