Zygo-Ad

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപ നൽകും


കോഴിക്കോട്: അപൂർവ രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായദൗത്യത്തിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാലിലെ അരുൺ - ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപയുടെ സഹായമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

മൂന്ന് കുട്ടികളുടെയും ചികിത്സയ്ക്കായി 50 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തിനായി ഒരു നാടൊന്നാകെ കൈകോർക്കുമ്പോഴാണ് എം.എ. യൂസഫലിയുടെ സഹായ പ്രഖ്യാപനമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് അറിയിച്ചു. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് ഏകദേശം 16.5 കോടി രൂപയാണ് ചെലവ് വരുന്നത്. കുടുക്ക പൊട്ടിച്ചും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും നാട്ടുകാർ തുക സമാഹരിക്കുന്നതിനിടെയാണ് ഈ വലിയ സഹായമെത്തുന്നത്.

പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ സഹായം ഇന്ന് കുട്ടികളുടെ വീട്ടിലെത്തി നേരിട്ട് കൈമാറും. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജും കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്നാണ് തുക കുടുംബത്തിന് കൈമാറുന്നത്. കുട്ടികൾക്ക് എത്രയും വേഗം ചികിത്സ ലഭിച്ച് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെയെന്നും, ഈ ദൗത്യത്തിൽ പങ്കാളികളാകുന്ന എല്ലാവരുടെയും കൂട്ടായ പരിശ്രമം വിജയത്തിലെത്തട്ടെയെന്നും എം.എ. യൂസഫലി ആശംസിച്ചു.



വളരെ പുതിയ വളരെ പഴയ