കൊച്ചി: വിവാഹിതയായ മകളാണെന്ന കാരണത്താൽ മാത്രം ആശ്രിത നിയമനത്തിനുള്ള അപേക്ഷ നിരസിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനത്തിനായി അപേക്ഷിച്ച മകളുടെ അപേക്ഷ നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ സബ് സ്റ്റാഫായി ജോലി ചെയ്തിരുന്ന പരേതനായ ഉല്ലാസ് കുമാറിന്റെ മകൾ ശമല്യ ഉല്ലാസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഗോപിനാഥ് പി.-യുടെ നിർണായക ഉത്തരവ്.
കണ്ണൂർ തലശ്ശേരി എരുവട്ടി സ്വദേശിയായ ശമല്യ ഉല്ലാസിന്റെ പിതാവ് ഉല്ലാസ് കുമാർ എം.സി. 2014 നവംബർ 29-നാണ് മരണപ്പെട്ടത്. തുടർന്ന് ആശ്രിത നിയമനത്തിനായി ശമല്യ അപേക്ഷ സമർപ്പിച്ചെങ്കിലും വിവാഹിതയാണെന്നും പിതാവിനെ പൂർണ്ണമായും ആശ്രയിച്ചല്ല കഴിഞ്ഞിരുന്നതെന്നും ചൂണ്ടിക്കാട്ടി കമ്പനി അധികൃതർ അപേക്ഷ തള്ളുകയായിരുന്നു. ഇതേത്തുടർന്നാണ് ഹർജിക്കാരി 2023-ൽ കേരള ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരിയുടെ അപേക്ഷ നിരസിക്കപ്പെട്ടതിന് പിന്നാലെ മാതാവ് ആശ്രിത നിയമനത്തിനായി അപേക്ഷിക്കുകയും പിന്നീട് മകനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സഹോദരന് ലഭിച്ച നിയമനത്തിൽ പ്രവേശിക്കാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് ഹർജിക്കാരി വീണ്ടും നിയമനത്തിനായി കോടതിയെ സമീപിച്ചത്. വിവാഹിതയായ മകൾക്കും ആശ്രിത നിയമന പദ്ധതിയുടെ ആനുകൂല്യം തേടാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധി ഹർജിക്കാരിയുടെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിവാഹിതയായ മകളാണെന്ന കാരണത്താൽ മാത്രം അപേക്ഷ നിരസിച്ച സാഹചര്യത്തിൽ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ അപേക്ഷ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാതാവ് പിന്നീട് മകന്റെ നിയമനത്തിനായി അപേക്ഷ നൽകിയെന്ന വസ്തുത ഹർജിക്കാരിയുടെ അപേക്ഷ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നതിന് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധിയിലെ നിയമതത്വങ്ങൾ പരിഗണിച്ച് ഹർജിക്കാരിയുടെ അപേക്ഷ രണ്ടുമാസത്തിനകം പുനഃപരിശോധിച്ച് തീരുമാനമെടുക്കാൻ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ അധികാരപ്പെട്ട ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി. വിവാഹിതയായ മകളാണെന്ന കാരണത്താൽ അപേക്ഷകയെ അയോഗ്യയായി കണക്കാക്കരുതെന്നും എന്നാൽ മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ കൂടി പാലിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹർജിക്കാരിക്കുവേണ്ടി അഡ്വ. ടി.പി. സാജിദ്, അഡ്വ. ഷിഫ ലത്തീഫ്, അഡ്വ. മുഹമ്മദ് ഹാറൂൺ എ.എൻ. എന്നിവർ ഹാജരായി.
