തിരുവനന്തപുരം: അനർഹമായി മുൻഗണനാ (മഞ്ഞ, പിങ്ക്) റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന തീയതി ഡിസംബർ എട്ടാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. ജീവിതസാഹചര്യങ്ങളിലും സാമ്പത്തിക നിലയിലും മാറ്റമുണ്ടായിട്ടും അർഹതയില്ലാത്ത കാർഡുകൾ തുടർന്നും ഉപയോഗിക്കുന്നവർക്ക് സ്വമേധയാ കാർഡുകൾ തിരികെ ഏൽപ്പിക്കാനാണ് ഈ അവസരം നൽകിയിരിക്കുന്നത്.
അനുവദിച്ച സമയപരിധിക്ക് ശേഷം നടത്തുന്ന പരിശോധനകളിൽ അനർഹരെന്ന് കണ്ടെത്തുന്നവരിൽ നിന്നും ഇതുവരെ കൈപ്പറ്റിയ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.
കാർഡ് സറണ്ടർ ചെയ്യേണ്ട വിഭാഗങ്ങൾ:
* സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ.
* ആദായനികുതി (Income Tax) അടയ്ക്കുന്നവർ.
* പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ള കുടുംബങ്ങൾ (വിദേശത്തോ സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന കുടുംബാംഗത്തിന് 25,000 രൂപയിൽ കൂടുതൽ മാസവരുമാനമുണ്ടെങ്കിലും അർഹതയില്ല).
* ഒരേക്കറിലധികം ഭൂമി സ്വന്തമായുള്ളവർ.
* 1,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ.
* സ്വന്തമായി നാല് ചക്ര വാഹനം ഉള്ളവർ.
മാനദണ്ഡങ്ങളിൽ ഇളവ് ലഭിക്കുന്നവർ:
* പാർട്ട് ടൈം, താൽക്കാലിക ജീവനക്കാർ, നാലാം ക്ലാസ് തസ്തികകളിൽ നിന്നും വിരമിച്ച പെൻഷൻകാർ.
* പ്രതിമാസം 5,000 രൂപയിൽ താഴെ പെൻഷൻ ലഭിക്കുന്നവരും, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ ലഭിക്കുന്നവരും.
* ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവർഗ്ഗ കുടുംബങ്ങൾ.
* ഉപജീവനത്തിനുള്ള ഏക വരുമാനമാർഗ്ഗമായി ടാക്സി ഉപയോഗിക്കുന്ന നാല് ചക്ര വാഹന ഉടമകൾ.
