തിരുവനന്തപുരം: ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം രണ്ട് കിലോ സ്വർണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ചാലയിൽ പ്രവർത്തിക്കുന്ന 'വൈഷ്ണവി ജ്വല്ലറി' ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ നന്ദകുമാറാണ് കവർച്ചയ്ക്ക് ഇരയായത്. വ്യാഴാഴ്ച രാത്രി ചാല മരക്കട റോഡിൽ വെച്ചായിരുന്നു സംഭവം.
രാത്രി ജ്വല്ലറി അടച്ചശേഷം സ്വർണമടങ്ങിയ ബാഗുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നന്ദകുമാർ. ഈ സമയം ഇരുചക്ര വാഹനത്തിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ബാഗ് തട്ടിപ്പറിച്ച് അതിവേഗം കടന്നുകളയുകയായിരുന്നു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
പഴയ സ്വർണം വാങ്ങി ശുദ്ധീകരിച്ച് വിൽക്കുന്ന സ്ഥാപനമാണ് നന്ദകുമാറിന്റേത്. മോഷണം നടന്നയുടൻ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് നൈറ്റ് പട്രോൾ സംഘത്തോട് ഇദ്ദേഹം വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
