Zygo-Ad

പത്മജയുടെയും പദ്മിനിയുടെയും തിരിച്ചുവരവ്: മാപ്പ് പറഞ്ഞ് ബൂത്ത് തലത്തിൽ പ്രവർത്തിക്കട്ടെയെന്ന് കെ.എസ്.യു; എതിർപ്പ് കടുപ്പിച്ച് യുവനേതാക്കൾ


തിരുവനന്തപുരം: ബി.ജെ.പി വിട്ട പത്മജ വേണുഗോപാലും പദ്മിനി തോമസും കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ശക്തമായ എതിർപ്പുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്ത്. പാർട്ടി വിട്ടപ്പോൾ പറഞ്ഞ രണ്ട് നുണകൾ തിരുത്തി പൊതുസമൂഹത്തോടും അണികളോടും മാപ്പ് പറഞ്ഞാൽ മാത്രമേ ഇവരെ തിരികെ പ്രവേശിപ്പിക്കാവൂ എന്ന് അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

തിരിച്ചെത്തുന്നവർക്ക് പാർട്ടിയിൽ പച്ചപരവതാനിയോ അധികാര പദവികളോ നൽകരുത്. പകരം സാധാരണ പ്രവർത്തകരെപ്പോലെ ബൂത്ത് തലം മുതൽ പടിപടിയായി പ്രവർത്തിക്കാനുള്ള അവസരമാണ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വർഷമായി പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന സാധാരണ പ്രവർത്തകരെ എല്ലാ മേഖലകളിലും പരിഗണിക്കണമെന്നും, അധികാര കൊതി മൂത്ത് പാളയം മാറുന്നവർക്ക് വേണ്ടിയല്ല ലക്ഷക്കണക്കിന് പ്രവർത്തകർ തെരുവിൽ പോരാടിയതെന്നും അലോഷ്യസ് കുറിപ്പിൽ വിമർശിച്ചു.

കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ബി.ജെ.പിയിൽ പോകുമായിരുന്നു എന്നതും, കോൺഗ്രസിൽ ആയിരുന്നപ്പോൾ ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നു എന്നതുമായ പത്മജയുടെ മുൻ പരാമർശങ്ങൾ തിരുത്തി മാപ്പ് പറയണമെന്നാണ് പ്രധാന ആവശ്യം. പാർട്ടിയുടെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചാണ് പത്മജ ബി.ജെ.പിയിലേക്ക് പോയതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മുതിർന്ന നേതാക്കളിൽ ചിലർ പത്മജയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ സുധാ മേനോൻ, ജിന്റോ ജോൺ എന്നിവരും പത്മജയുടെ തിരിച്ചുവരവിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതിൽ തുറന്നിട്ടിരിക്കേണ്ട ഗതികേട് കോൺഗ്രസിനില്ലെന്നും, തിരികെ വരുംമുൻപ് രാഷ്ട്രീയ വ്യക്തത വരുത്തണമെന്നും ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

 

വളരെ പുതിയ വളരെ പഴയ