തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യവിലക്കയറ്റനിരക്ക് ദേശീയ ശരാശരിയും മറികടന്ന് കുതിക്കുന്നു. ദേശീയ ഭക്ഷ്യവിലക്കയറ്റനിരക്ക് 9.94 ശതമാനമായിരിക്കെ കേരളത്തിലേത് 10.92 ശതമാനത്തിലെത്തി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് വിലക്കയറ്റത്തിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്നത്. ആന്ധ്രപ്രദേശ് (13.23 ശതമാനം), തമിഴ്നാട് (12.37 ശതമാനം), കർണാടക (12.11 ശതമാനം), തെലങ്കാന (11.66 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത്.
പലവ്യഞ്ജനങ്ങളുടെയും അരിയുടെയും വിവിധ ഇനങ്ങൾക്ക് 40 ശതമാനം വരെയും ചില ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെയുമാണ് വില വർധിച്ചത്. ഒരു മാസത്തിനിടെ 130 രൂപ വർധിച്ച് വറ്റൽമുളകിന്റെ വില കിലോയ്ക്ക് 330 രൂപ വരെയായി. ചെറിയ ഉള്ളി 80 രൂപയിൽ നിന്ന് 220 രൂപയിലേക്കും സവാള 40 രൂപയിൽ നിന്ന് 80 രൂപയിലേക്കും ഉയർന്നു. വെളുത്തുള്ളി വില 100 രൂപയിൽ നിന്ന് 260 രൂപയിലേക്കാണ് കുതിച്ചത്. പഞ്ചസാര, തുവരപ്പരിപ്പ്, മല്ലി, ജീരകം, പയറുവർഗങ്ങൾ, മഞ്ഞൾ, ഉലുവ, കടുക് എന്നിവയ്ക്കെല്ലാം ശരാശരി 20 മുതൽ 40 രൂപ വരെ വർധനയുണ്ടായി. ഭക്ഷ്യപ്പൊടികൾക്ക് പാക്കിങ് ചാർജും ബ്രാൻഡിങ് ചെലവും കൂടി ചേരുമ്പോൾ 30 മുതൽ 40 രൂപ വരെ അധികമാകുന്നുണ്ട്.
മഴക്കുറവ് മൂലം വിവിധ സംസ്ഥാനങ്ങൾ കൃഷിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. ജലശോഷണം സംബന്ധിച്ച് കേന്ദ്ര ജലകമ്മിഷൻ നവംബർ 11-ന് പുറത്തുവിട്ട കണക്കുകൾ ആശങ്ക വർധിപ്പിക്കുന്നതാണ്. രാജ്യത്തെ 178 അണക്കെട്ടുകളിലായി 37 ശതമാനം വെള്ളത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂർണ്ണമായും താളംതെറ്റി. നാലംഗ കുടുംബത്തിന് കഴിഞ്ഞ വർഷം ഇതേ സമയത്ത് പലവ്യഞ്ജനങ്ങൾക്കായി ചെലവഴിക്കേണ്ടിയിരുന്ന തുകയുടെ ഇരട്ടിയാണ് ഇപ്പോൾ ചെലവാകുന്നത്. അരിയുടെ വിലവർധനവ് മാത്രം പ്രതിമാസ ബജറ്റിൽ 500 മുതൽ 600 രൂപയുടെ വരെ അധിക ബാധ്യതയുണ്ടാക്കി. പൊതുവിപണിയിൽ വില കുതിക്കുമ്പോഴും സംസ്ഥാനത്തെ 1,600 സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി 13 സബ്സിഡി ഇനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസമാകുന്നുണ്ട്.
