Zygo-Ad

ആറുവർഷത്തോളം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ 50-കാരന് 116 വർഷം കഠിനതടവും 6.85 ലക്ഷം രൂപ പിഴയും

L


മൂവാറ്റുപുഴ (എറണാകുളം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 50-കാരന് 116 വർഷം കഠിനതടവും 6,85,000 രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് വീട്ടിൽ മണിയപ്പനെയാണ് (50) മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതി ഇതുവരെ വിധിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടിയ തടവുശിക്ഷയാണിത്. നേരത്തെ മറ്റൊരു കേസിൽ 80 വർഷം തടവ് വിധിച്ചിരുന്നു.

2018 മുതൽ 2024 വരെയുള്ള കാലയളവിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ആറുവർഷത്തോളം നിരന്തരമായി പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടി അവിടുത്തെ കൗൺസിലറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്.

കൗൺസിലർ മൂവാറ്റുപുഴ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. ഇതോടെയാണ് വർഷങ്ങൾ നീണ്ട ക്രൂരപീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പോലീസ് ഇൻസ്പെക്ടർമാരായ കെ. ഉണ്ണികൃഷ്ണൻ, ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. ലെയ്സൺ ഓഫീസർ ലേഖ പി. സുരേഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ