Zygo-Ad

വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; സ്കൂളുകളിലെ മയിൽപീലി സ്കോളർഷിപ്പ് പരീക്ഷ നിർത്തിവെക്കാൻ നിർദേശം

 


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ‘മയിൽപീലി’ സ്കോളർഷിപ്പ് പരീക്ഷ നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. പരീക്ഷയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദേശിച്ചു.

ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മത്സര പരീക്ഷ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. അധ്യാപക സംഘടനയുടെ അപേക്ഷ പരിഗണിച്ച്, പഠനസമയം നഷ്ടപ്പെടുത്തരുതെന്നതുൾപ്പെടെയുള്ള നിബന്ധനകളോടെ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറാണ് പരീക്ഷയ്ക്ക് അനുമതി നൽകി ഉത്തരവിറക്കിയിരുന്നത്.

എന്നാൽ, മന്ത്രി അറിയാതെ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് അനുമതി നൽകിയത് വിവാദമായതിനെ തുടർന്നാണ് നടപടി. വിഷയം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പരീക്ഷ അടിയന്തരമായി നിർത്തിവെക്കാൻ മന്ത്രി നിർദേശം നൽകിയത്.

 

വളരെ പുതിയ വളരെ പഴയ