ന്യൂഡൽഹി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഹർജി ഉടൻ കേട്ട് തീർപ്പ് കൽപ്പിക്കാൻ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് സുപ്രീംകോടതി നിർദേശിച്ചു. വിദ്യാർഥികൾക്ക് അനുകൂലമായി വിധി ഉണ്ടായാൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല അറിയിച്ചു. ഇത് സുപ്രീംകോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിധി. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാൻ തടസമാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഹർജിയിൽ ഇടപെടാൻ തയ്യാറാവാതിരുന്ന സുപ്രീംകോടതി, കുട്ടികളുടെ ഭാവി മുൻനിർത്തി അടിയന്തരമായി ഹർജി കേട്ട് തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് നിർദേശിക്കുകയായിരുന്നു. നിലവിൽ ഒരു പരീക്ഷ കഴിഞ്ഞെങ്കിലും വിദ്യാർഥികൾക്ക് അനുകൂലമായി വിധി ഉണ്ടായാൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല സുപ്രീംകോടതിയെ ബോധിപ്പിച്ചു. മുൻപ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല തടസ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയുടെ വാദം കൂടി കണക്കിലെടുത്താണ് സുപ്രീംകോടതി ഉത്തരവ്.
