Zygo-Ad

ട്രെയിനുകളിലെ ഭക്ഷണ - പാനീയ വിതരണത്തിന് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

 


കണ്ണൂർ: ട്രെയിനുകളിൽ ചായയും കാപ്പിയും ഉൾപ്പെടെയുള്ള പാനീയങ്ങൾ വിതരണം ചെയ്യുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ദക്ഷിണ റെയിൽവേ മാനേജർക്ക് (പാലക്കാട് ഡിവിഷൻ) നിർദേശം നൽകി. ശൗചാലയത്തിനും മാലിന്യം തള്ളുന്ന സ്ഥലത്തിനും സമീപം ചായ നിറച്ച പാത്രം സൂക്ഷിക്കുന്ന പ്രവണതയ്ക്കെതിരേ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

തിരുവനന്തപുരം - മംഗലാപുരം (ട്രെയിൻ നമ്പർ 16347) എക്സ്പ്രസിലും തിരുവനന്തപുരം - മംഗലാപുരം - പാലക്കാട് റൂട്ടിൽ ഓടുന്ന പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് ട്രെയിനുകളിലുമാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപാനീയങ്ങൾ സൂക്ഷിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി മാത്രം ട്രെയിനുകളിൽ ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് യാത്രക്കാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും ദോഷകരമായി ബാധിക്കും. റെയിൽവേ അധികൃതർക്ക് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.

ട്രെയിനുകളിലെ ഭക്ഷണവിതരണത്തിന് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. ചായ, കാപ്പി, ഫ്ലാസ്ക്, ഭക്ഷണവിതരണ സാമഗ്രികൾ തുടങ്ങിയവ ശുചിമുറികൾക്കോ മാലിന്യക്കൂമ്പാരത്തിനോ സമീപം സൂക്ഷിക്കരുത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇടയാക്കരുതെന്നും കമ്മിഷൻ കർശന നിർദേശം നൽകി. ഇക്കാര്യത്തിൽ കാറ്ററിംഗ് ചുമതലയുള്ള ഏജൻസിക്ക് ഡി.ആർ.എം തലത്തിൽ കർശന നിർദേശം നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഡി.ആർ.എം രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മിഷൻ ഓഫീസിൽ സമർപ്പിക്കണം. ഡിസംബർ 15-ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

 

വളരെ പുതിയ വളരെ പഴയ