Zygo-Ad

സ്വർണ്ണക്കള്ളക്കടത്ത്: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കരിപ്പൂർ മുന്നിൽ; ആറ് വർഷത്തിനിടെ പിടികൂടിയത് 1,021 കോടി രൂപയുടെ സ്വർണ്ണം


കൊല്ലം: കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നായി കഴിഞ്ഞ ആറ് വർഷത്തിനിടെ കസ്റ്റംസ് പിടികൂടിയത് 1,784.67 കിലോഗ്രാം സ്വർണ്ണം. പിടികൂടിയ സമയത്തെ വിപണിമൂല്യം അനുസരിച്ച് ഏകദേശം 1,021 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണിത്. 2021 ജനുവരി മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 1,041 പേരാണ് ഈ കാലയളവിൽ അറസ്റ്റിലായത്. വിവരാവകാശ നിയമപ്രകാരം കസ്റ്റംസ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

പിടികൂടിയ സ്വർണ്ണത്തിന്റെ അളവിലും രജിസ്റ്റർ ചെയ്ത കേസുകളിലും അറസ്റ്റിലായവരുടെ എണ്ണത്തിലും കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. 534.91 കോടി രൂപ വിലമതിക്കുന്ന 927.53 കിലോഗ്രാം സ്വർണ്ണമാണ് കരിപ്പൂരിൽ നിന്ന് മാത്രം പിടികൂടിയത്; ഇവിടെ 611 പേർ അറസ്റ്റിലായി. 285.50 കോടി രൂപ മൂല്യമുള്ള 478.94 കിലോഗ്രാം സ്വർണ്ണം പിടികൂടിയ കൊച്ചി വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത് (271 അറസ്റ്റ്).

മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 103.16 കോടി രൂപ വിലവരുന്ന 224.10 കിലോഗ്രാം സ്വർണ്ണം പിടികൂടുകയും 83 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാലാം സ്ഥാനത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 98.28 കോടി രൂപയുടെ 154.10 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്; ഇവിടെ 76 പേർ പിടിയിലായി.

ഇറക്കുമതി തീരുവയിലുണ്ടായ മാറ്റങ്ങൾ കാരണം 2025-ൽ സ്വർണ്ണക്കടത്ത് കേസുകളിലും പിടികൂടിയ സ്വർണ്ണത്തിന്റെ അളവിലും നേരിയ ഇടിവുണ്ടായിരുന്നു. എന്നാൽ 2026 മെയ് മാസത്തിൽ ഇറക്കുമതി തീരുവ വീണ്ടും ഉയർത്തിയതോടെ വരും ദിവസങ്ങളിൽ സ്വർണ്ണക്കടത്ത് സാധ്യത വീണ്ടും വർധിച്ചേക്കുമെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.



വളരെ പുതിയ വളരെ പഴയ