Zygo-Ad

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണവുമായി ബന്ധുക്കൾ


കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ചീമേനി ചെമ്പ്രകാനം സ്വദേശിനി വി.വി. മാധവി (72) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും മരണവിവരം അറിയിക്കാതെ മറച്ചുവെച്ചതായും ബന്ധുക്കൾ ആരോപിച്ചു.

ഡോക്ടറുടെ നിർദേശപ്രകാരം തിങ്കളാഴ്ച വൈകുന്നേരമാണ് മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 7.50-ഓടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയ മാധവിയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പുറത്തിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്.

മാധവിക്ക് ശേഷം തിയേറ്ററിലേക്ക് കയറ്റിയ മറ്റ് രോഗികളുടെ ശസ്ത്രക്രിയ പൂർത്തിയാക്കി ബന്ധുക്കളെ കാണിച്ചിട്ടും മാധവിയുടെ വിവരങ്ങൾ അറിയിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. ആശുപത്രിയിൽ എത്തുമ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് ഇടയാക്കിയതെന്നും ഇവർ പറയുന്നു.

സംഭവത്തിൽ മാധവിയുടെ മകൻ മനോജ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. ഉത്തരവാദികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധം നടന്നു. അതേസമയം, സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ