Zygo-Ad

സ്കൂളിലെ വെടിവെപ്പ്; വിദ്യാർഥി ഉപയോഗിച്ചത് മുത്തച്ഛന്റെ ലൈസൻസില്ലാത്ത നാടൻ റിവോൾവർ

 




പാലക്കാട്: തൃത്താല പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠിക്ക് വെടിയേറ്റ സംഭവത്തിൽ വിദ്യാർഥി ഉപയോഗിച്ചത് മുത്തച്ഛന്റെ ലൈസൻസില്ലാത്ത നാടൻ റിവോൾവർ എന്ന് പൊലീസ് കണ്ടെത്തി. വർഷങ്ങൾക്ക് മുമ്പ് മരിച്ച മുത്തച്ഛന്റെ പക്കലുണ്ടായിരുന്ന തദ്ദേശീയമായി നിർമിച്ച തോക്കാണിതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി.

ഒരു മാസം മുമ്പ് പിതാവ് മരണപ്പെട്ട തൃത്താല കൊടുമുണ്ട സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർഥി അമ്മ അറിയാതെയാണ് വീട്ടിലെ അലമാരയിൽ നിന്ന് തോക്കെടുത്ത് സ്കൂളിലെത്തിച്ചത്. കൂട്ടുകാരെ കാണിക്കുന്നതിനും പേടിപ്പിച്ചു കളിക്കുന്നതിനുമിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. ആദ്യ തവണ ട്രിഗർ വലിച്ചപ്പോൾ വെടിപൊട്ടാതിരുന്നതിനാൽ വീണ്ടും വലിച്ചപ്പോഴാണ് അപകടമുണ്ടായത്.

അഞ്ചുമൂല സ്വദേശിയായ സഹപാഠിയുടെ കൈയിലും തോളിലുമാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായും വെടിയുണ്ട നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അനധികൃതമായി ആയുധം കൈവശം വെച്ചതിന് കുട്ടിയുടെ മാതാവിനെതിരെ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന ക്ലാസ് മുറി സീൽ ചെയ്ത പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്ത് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ