പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ശേഷം സ്ലോട്ട് റദ്ദാക്കിയാൽ (ക്യാൻസൽ) ഉടൻ തന്നെ വീണ്ടും ബുക്ക് ചെയ്യാനാകില്ല. റദ്ദാക്കിയവർക്ക് എട്ട് മണിക്കൂറിന് ശേഷം മാത്രമേ പുതിയ ബുക്കിങ് നടത്താൻ സാധിക്കൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. പുതിയ സംവിധാനം ചൊവ്വാഴ്ച രാത്രി മുതൽ നിലവിൽ വരും.
ഡമ്മി ബുക്കിങ്ങുകളും കൂട്ടത്തോടെയുള്ള തട്ടിപ്പുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോർഡിന്റെ ഈ നടപടി. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത ശേഷം റദ്ദാക്കി കൃത്രിമം കാണിക്കുന്നത് ഒഴിവാക്കി, അർഹരായ പുതിയ തീർഥാടകർക്ക് സ്ലോട്ടുകൾ ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ പരിഷ്കാരം. ആസൂത്രിതമായ തട്ടിപ്പുകൾ തടയാനും ഇതിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
മുൻവർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ ഇതുവരെ 47 ശതമാനത്തോളം തീർഥാടകരുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് നടത്തിയ പരിശോധനയിൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഭക്തരെ എത്തിക്കുന്ന ചില ഏജൻസികൾ വ്യാപകമായി ഡമ്മി ബുക്കിങ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. വെർച്വൽ ക്യൂ ക്രമക്കേടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതും ബുക്കിങ് പരിധി വർദ്ധിപ്പിക്കുന്നതും സംബന്ധിച്ച നടപടികൾ ബോർഡിന്റെ പരിഗണനയിലുണ്ട്. ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് തീർഥാടന കാലം പൂർണ്ണ സംതൃപ്തി നൽകുന്നതാണെന്നും, വെർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിങ് വഴിയോ മാത്രം തീർഥാടകർ എത്തുന്നത് തിരക്ക് കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു. പണമിടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിലൂടെ വരുമാന ചോർച്ച തടയാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
