തിരുവനന്തപുരം: ചാല സ്വർണ്ണക്കവർച്ചാ കേസിൽ വയനാട്ടിൽ നിന്ന് പിടിയിലായ പ്രതികളുമായി പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. മൂന്ന് പ്രതികളുമായാണ് അന്വേഷണ സംഘം തലസ്ഥാനത്തേക്ക് വരുന്നത്. കസ്റ്റഡിയിലെടുത്ത നാലാമനും റിസോർട്ട് ജീവനക്കാരനുമായ രാജീവിനെ നോട്ടീസ് നൽകി വിട്ടയച്ചു. കേസിൽ ആകെ അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായത്. അനൂപ്, അനിൽ, വിനോദ്, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന, വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട സ്രാവൺ എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് 400 ഗ്രാം സ്വർണ്ണവും പോലീസ് കണ്ടെടുത്തു. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഒരാളുടെ കൈവശം ഒരു ഗോൾഡ് ബാർ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് പിടിയിലായ രണ്ട് പേരുടെ കേസിലെ പങ്കാളിത്തം പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ബിസിനസ് തർക്കത്തെ തുടർന്നുള്ള ക്വട്ടേഷൻ
വ്യാപാര മേഖലയിലെ ബിസിനസ് തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ചാലയിൽ തന്നെ സ്വർണ്ണവ്യാപാരം നടത്തുന്ന അമുൽ, ദിലീപ് എന്നിവർ നൽകിയ ക്വട്ടേഷനായിരുന്നു ഇത്.
ക്വട്ടേഷന്റെ അടിസ്ഥാനത്തിൽ അനിൽ, വിനോദ് എന്നിവർ ബൈക്കിലെത്തി നന്ദകുമാറിന്റെ പക്കൽ നിന്ന് സ്വർണ്ണം കവരുകയായിരുന്നു. തുടർന്ന് ദേശീയപാതയിൽ കാറുമായി കാത്തുനിന്നിരുന്ന അനൂപിനൊപ്പം പ്രതികൾ രക്ഷപ്പെട്ടു. ആദ്യം തമിഴ്‌നാട്ടിലേക്ക് കടന്ന സംഘം, പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയതോടെ ബെംഗളൂരുവിലേക്കും അവിടെ നിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു.
പ്രതികൾക്ക് സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യം വിശദമായി ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാകൂ എന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.
