ന്യൂഡൽഹി: ഗുണഭോക്താക്കൾക്ക് ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ പണം നൽകുന്ന രീതി മാറ്റി, വോട്ടർ ഐഡിയും ബയോമെട്രിക്‌സും ഉപയോഗിച്ച് പണമടയ്ക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ 2026-27' ദേശീയ ശിൽപശാലയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ആധാർ കാർഡുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യമുള്ളതിനാൽ, ഗുണഭോക്താക്കളെ തിരിച്ചറിയാൻ ആധാറിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് പകരമായി വോട്ടർ ഐഡി കാർഡ് നമ്പറും (EPIC) ബയോമെട്രിക് പരിശോധനയും അടിസ്ഥാനമാക്കിയായിരിക്കും ആനുകൂല്യങ്ങളും പണവും വിതരണം ചെയ്യുക. പെർഫോമൻസ് ഗ്രാൻ്റുകൾ നേടുന്നതിനായി ഗ്രാമപഞ്ചായത്തുകൾ സ്വന്തം വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
