തിരുവനന്തപുരം: ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11-ന് അർധരാത്രി മുതൽ 24 മണിക്കൂർ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. സംയുക്ത സമരസമിതി ഭാരവാഹികളാണ് വാർത്താസമ്മേളനത്തിൽ സമരപ്രഖ്യാപനം നടത്തിയത്.
നാലു വർഷം മുമ്പാണ് അവസാനമായി നിരക്കുകൾ വർധിപ്പിച്ചതെന്നും അതിനുശേഷം 16 തവണ ഇന്ധനവില ഉയർന്നുവെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹന പരിശോധനാ ഫീസ് എന്നിവ ഉയർന്ന സാഹചര്യത്തിൽ നിലവിലെ നിരക്കിൽ സർവീസ് നടത്താൻ സാധിക്കില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.
ആദ്യഘട്ടത്തിൽ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഐ.എൻ.ടി.യു.സി, എസ്.ടി.യു സംഘടനകൾ പിന്നീട് പിന്മാറിയതായി സംയുക്ത സമരസമിതി ആരോപിച്ചു. അതേസമയം, ബി.എം.എസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പണിമുടക്ക് നടക്കുമെങ്കിലും സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾക്ക് രാവിലെ 10 മണി വരെ സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ആശുപത്രി ആവശ്യങ്ങൾക്കുള്ള സർവീസുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
