കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ. കേസിൽ മുഖ്യപ്രതി പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസിനെയാണ് (28) പോലീസ് പിടികൂടിയത്. മലബാറിലെ എം.ഡി.എം.എ. മൊത്തവിതരണക്കാരനാണ് ഫിറോസ് എന്ന് പോലീസ് വ്യക്തമാക്കി.
കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതും ഇയാളാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂത്താളിയിൽ നിന്ന് പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയാണ് ഫിറോസ്. കൂടാതെ, എം.ഡി.എം.എ. കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മലിന്റെ അടുത്ത സുഹൃത്തുമാണ്. കേസിൽ നേരത്തെ പിടിയിലായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാടുകൾ നടത്തിയിരുന്നതും ഫിറോസാണെന്ന് പോലീസ് പറയുന്നു.
മുമ്പ് മൊടക്കല്ലൂരിലെ ലോഡ്ജിൽ വച്ച് യുവതിയോടൊപ്പം എം.ഡി.എം.എ. സഹിതം ഫിറോസിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. അന്ന് ജയിലിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് വീണ്ടും ലഹരി വിൽപ്പനയ്ക്കായി പേരാമ്പ്ര ചെമ്പ്ര റോഡിൽ എത്തിയെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ഫിറോസിനെ വളഞ്ഞുപിടിച്ചത്.
