തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി. പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ (Bilingual) രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി. പ്രവേശന പരീക്ഷ ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ നിർണായക തീരുമാനം.
വിദ്യാർത്ഥികളുടെ ദീർഘകാല ആവശ്യവും സംസ്ഥാന സർക്കാരിന്റെ മാതൃഭാഷാ നയവും മുൻനിർത്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതോടെ മലയാള മാധ്യമത്തിൽ പഠനം പൂർത്തിയാക്കി വരുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ കൂടുതൽ എളുപ്പത്തിൽ നേരിടാൻ സാധിക്കും.
തീരുമാനം നടപ്പിലാക്കുന്നതിനായി പരീക്ഷാ ബോർഡിനും പ്രവേശന പരീക്ഷാ കമ്മീഷണർക്കും ആവശ്യമായ നിർദ്ദേശങ്ങൾ മന്ത്രാലയം കൈമാറി. നിയമ പഠന രംഗത്തേക്ക് കൂടുതൽ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ ഈ പരിഷ്കാരം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
