തിരുവനന്തപുരം/കണ്ണൂർ: പൊലീസുകാർക്കെതിരെ ഡി.വൈ.എഫ്.ഐ നേതാക്കളും സി.പി.എം നേതാക്കളും പരസ്യമായി രംഗത്തെത്തുന്നത് വിവാദമാകുന്നു. തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ വധഭീഷണി മുഴക്കിയ ജില്ല സെക്രട്ടറി വി.ജോയി എം.എൽ.എയുടെ വാക്കുകളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഗോകുലിനെതിരെയായിരുന്നു എം.എൽ.എയുടെ ഭീഷണി. 'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ' എന്നാണ് ജോയി ഭീഷണി മുഴക്കിയത്. സി.പി.എം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ല സെക്രട്ടറിയുടെ ഈ പരസ്യ പ്രതികരണം. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ, കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ തെരുവിൽ നേരിടുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് കന്റോൺമെന്റ് ഇൻസ്പെക്ടർ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ലാത്തിച്ചാർജിനു ശേഷം രണ്ട് പൊലീസുകാർക്കുമെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായും വിവരങ്ങളുണ്ട്.
അതേസമയം, കണ്ണൂർ മട്ടന്നൂരിലും ഡി.വൈ.എഫ്.ഐ നേതാവ് എസ്.ഐയെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. മന്ത്രി ഒ.ജെ. ജനീഷ് പോകുന്ന വഴിയിൽ പ്രതിഷേധിക്കാൻ എത്തിയ ഡി.വൈ.എഫ്.ഐ നേതാവ് മട്ടന്നൂർ എസ്.ഐയെയാണ് ഭീഷണിപ്പെടുത്തിയത്. വിമാനത്താവളത്തിലേക്ക് മന്ത്രി എത്തുന്ന വഴിയിൽ കരിങ്കൊടി പ്രതിഷേധത്തിന് തയ്യാറെടുത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. സി.പി.എം നേതാക്കളടക്കം പൊലീസുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. 'അമ്മ സത്യമായിട്ടും, നീ യൂണിഫോം ഊരുന്ന അന്ന് എനിക്ക് കിട്ടും' എന്ന് ഡി.വൈ.എഫ്.ഐ മട്ടന്നൂർ ജോയിന്റ് സെക്രട്ടറി വിനീത് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഈ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
