പാലക്കാട്: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു സ്കൂൾ വിദ്യാർഥിനി കൂടി മരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി (14) ആണ് വ്യാഴാഴ്ച രാത്രിയോടെ മരണപ്പെട്ടത്. പനി കുറയാത്തതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയ ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ രാത്രി 11 മണിയോടെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഉടൻ തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച മാത്രം 8407 പേരാണ് വിവിധ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഒറ്റ ദിവസം കൊണ്ട് 9 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്; ഇവിടെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. പാലക്കാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. ഒറ്റപ്പാലത്ത് ഇന്നലെ ഒരു ഡെങ്കിപ്പനി മരണവും റിപ്പോർട്ട് ചെയ്തു. കൂടാതെ സംസ്ഥാനത്ത് 48 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ കൂടുതൽ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്.
പകർച്ചപ്പനി പടർന്നുപിടിക്കുമ്പോഴും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നത് രോഗികളെ വലയ്ക്കുന്നുണ്ട്. പനി ബാധിതരുടെ എണ്ണം ദിവസേന വർധിച്ചിട്ടും മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമാണ്. കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് പല മരുന്ന് വിതരണക്കാരും പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്നുകൾ നൽകാൻ വൈകിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
