ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്ര മതിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി 13 ഭക്തർ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 39 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1:30 ഓടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.
നെല്ല് കയറ്റി ചിന്നോർ ഭാഗത്തുനിന്നും വരികയായിരുന്ന ട്രക്ക്, ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശന നിരോധനമുള്ളതും കുത്തനെയുള്ളതുമായ റോഡിലൂടെ ഇറങ്ങിവരവെ നിയന്ത്രണം നഷ്ടപ്പെട്ട് ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഭക്തരാണ് ഈ സമയത്ത് ക്ഷേത്രത്തിന് സമീപം തടിച്ചുകൂടിയിരുന്നത്.
അപകടവിവരം ലഭിച്ചയുടൻ ആംബുലൻസുകളും പോലീസ് സന്നാഹവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി ഗ്വാളിയോർ കളക്ടർ രുചിക ചൗഹാൻ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണത്തിനായി പ്രസ്തുത റോഡിൽ പോലീസ് ചെക്ക്പോയിന്റും സ്റ്റോപ്പറുകളും സ്ഥാപിച്ചിരുന്നു. ഇത് മറികടന്ന് ട്രക്ക് എങ്ങനെ നിയന്ത്രിത മേഖലയിലേക്ക് കടന്നു എന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
