ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം കുട്ടികൾക്കും ബാധകമാണെന്നും പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ഈ അവകാശം പൂർണമായി നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി. ഭരണഘടനയുടെ 19(1)(a), 21 അനുച്ഛേദങ്ങൾ ചേർത്തുവായിക്കുമ്പോൾ ഇന്റർനെറ്റ് ഉപയോഗം ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, കെ. വി. ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ശിശു അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്' ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കുട്ടികളുടെ സുരക്ഷയും സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ലെന്നും രണ്ടിനും അവർക്ക് ഒരുപോലെ അവകാശമുണ്ടെന്നും കോടതി വ്യക്തത വരുത്തി. ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷിക്കപ്പെടേണ്ട മനഃസാക്ഷിയോ പ്രകടിപ്പിക്കാനുള്ള അഭിപ്രായസ്വാതന്ത്ര്യമോ ഇല്ലെന്ന നിലപാടിന് തുല്യമാണ് ഇന്റർനെറ്റ് അവകാശം പൂർണമായി നിഷേധിക്കുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ദേശീയ ഡാറ്റാബേസ് രൂപീകരിക്കാൻ നിർദേശം
കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമായി ദേശീയതലത്തിൽ പ്രത്യേക ഡാറ്റാബേസ് സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഐഡന്റിഫയറുകളും യു.ആർ.എല്ലുകളും (URL) ഇതിൽ ഉൾപ്പെടുത്തണം.
നിയമവിരുദ്ധ ഡിജിറ്റൽ ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ പെർസെപ്ച്വൽ ഹാഷ് മാച്ചിങ് ഉൾപ്പെടെയുള്ള സാങ്കേതിക മാർഗങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളും (SOP) രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു. കുട്ടികളുടെ ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനും ഈ നടപടികൾ സഹായിക്കും.
