Zygo-Ad

സംസ്ഥാനത്ത് സാനിറ്ററി മാലിന്യങ്ങൾ പെരുകുന്നു; ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങളില്ലാതെ കേരളം


കൊച്ചി: സംസ്ഥാനത്ത് സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ എന്നിവയുടെ ഉപയോഗം അനുദിനം വർധിക്കുമ്പോഴും ഇവയുടെ ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങളുടെ അഭാവം ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ ഭീഷണിയുയർത്തുന്നു. നിലവിലെ കണക്കനുസരിച്ച് കേരളത്തിൽ പ്രതിദിനം 200 ടണ്ണോളം ഡയപ്പർ മാലിന്യങ്ങളാണ് ഉണ്ടാകുന്നത്.

പ്ലാസ്റ്റിക് അടങ്ങിയ ഈ മാലിന്യങ്ങൾ പൂർണ്ണമായി വിഘടിക്കാൻ 400 വർഷത്തോളം സമയമെടുക്കും. ഒരാൾ ജീവിതകാലത്തിനിടയിൽ ശരാശരി 4,000 മുതൽ 32,000 വരെ സാനിറ്ററി മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നുവെന്നാണ് വിവരം. സാനിറ്ററി പാഡുകളുടെ 75 ശതമാനവും സോഡിയം പോളി അക്രിലേറ്റ്, പോളിപ്രൊപ്പിലീൻ, പോളിത്തീൻ തുടങ്ങിയ പ്ലാസ്റ്റിക് അംശങ്ങളാൽ നിർമ്മിതമായതിനാൽ പരിസ്ഥിതിക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.

വീടുകളിൽ നിന്ന് നേരിട്ട് സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ ചുരുക്കം ചില ഇടങ്ങളിൽ മാത്രമാണ് നിലവിൽ സംവിധാനമുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും ഇവ കത്തിക്കുകയോ മണ്ണിൽ കുഴിച്ചിടുകയോ വഴിയിൽ ഉപേക്ഷിക്കുകയോ ആണ് ചെയ്യുന്നത്. ഇത് മണ്ണും ജലസ്രോതസ്സുകളും മലിനമാക്കുന്നതിനൊപ്പം രോഗാണുക്കൾ പടരാനും കാരണമാകുന്നു. സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാനും സംസ്കരിക്കാനും സംസ്ഥാനതലത്തിൽ അടിയന്തരമായി ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.



വളരെ പുതിയ വളരെ പഴയ