തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണയായി. നിലവിലെ അഞ്ച് രൂപ എന്ന നിരക്ക് 10 രൂപയാക്കാനാണ് ബോർഡ് ആലോചിക്കുന്നത്. നിരക്ക് വർധന നടപ്പിലാക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടും. പമ്പയിലെ ശുചിമുറികൾ പൂർണ്ണമായും സൗജന്യമാക്കുന്നതിനായാണ് ഈ തുക ഉയർത്തുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
നിരക്ക് വർധനവ് നിലവിൽ വരുന്നതോടെ ഭക്തർക്ക് പ്രത്യേക പണം നൽകേണ്ടതില്ലാതെ പമ്പയിലെ ശുചിമുറികൾ ഉപയോഗിക്കാൻ സാധിക്കും. വെർച്വൽ ക്യൂ ബുക്കിങ് നിരക്ക് വർദ്ധിപ്പിക്കുന്നത് ഭക്തർക്കിടയിൽ പരാതിക്ക് ഇടയാക്കുമെന്ന് ഭരണസമിതിയിലെ ചിലർ അഭിപ്രായപ്പെട്ടെങ്കിലും, ഈ മാറ്റം ഭക്തർക്ക് മൊത്തത്തിൽ ഗുണകരമാകുമെന്ന നിലപാടാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്വീകരിച്ചത്.
മണ്ഡലകാലത്ത് അടക്കം ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. മുൻകൂട്ടി ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനം നടത്തുന്ന ഈ സംവിധാനത്തിന് ഇതുവരെ അഞ്ച് രൂപയായിരുന്നു ബുക്കിങ് ചാർജായി ഈടാക്കിയിരുന്നത്.
അതേസമയം, തുലാമാസ പൂജയോടനുബന്ധിച്ച് ശബരിമല സന്നിധാനത്തെ മുറികൾ കൂട്ടത്തോടെ ബുക്ക് ചെയ്തുപോയ സംഭവത്തിൽ തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ചില ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്യുന്നതുമൂലം സാധാരണക്കാരായ ഭക്തർക്ക് മുറികൾ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടത്.
