കണ്ണൂർ :തുടർച്ചയായി ആറ് മാസം റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 44,287 റേഷൻ കാർഡുകൾ അർഹത പരിശോധനയിൽ. ഇതിൽ 5,579 എ.എ.വൈ കാർഡുകളും 38,708 പി.എച്ച്.എച്ച് കാർഡുകളുമാണ് ഉൾപ്പെടുന്നത്. നിലവിൽ ഒരു കാർഡ് പോലും മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതി പ്രകാരമാണ് നടപടി. ആറ് മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവയും പേര് ഒന്നിലധികം കാർഡുകളിൽ ഉള്ളവയും പരിശോധനാ പരിധിയിലാണ്. ഇത്തരക്കാർക്ക് മൂന്ന് മാസത്തിനകം ഒന്നിലധികം കാർഡ് ഇല്ലെന്ന് കാണിച്ച് ഇ.കെ.വൈ.സി പൂർത്തിയാക്കിയാൽ അർഹത പുനഃസ്ഥാപിക്കാനാകും. കിടപ്പുരോഗികൾ, ദീർഘകാല ചികിത്സയിലുള്ളവർ, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ, ജോലി അല്ലെങ്കിൽ ചികിത്സ ആവശ്യത്തിന് നാട് വിട്ടവർ എന്നിവർക്ക് നിയമത്തിൽ സംരക്ഷണമുണ്ട്.
സംസ്ഥാനത്ത് ആകെ 96,03,653 റേഷൻ കാർഡുകളാണുള്ളത്. ഇതിനിടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 8,974 മുൻഗണനാ കാർഡുകൾ പിഴ ഈടാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അർഹരായ 77,955 പേർക്ക് പുതിയ മുൻഗണന റേഷൻ കാർഡും അനുവദിച്ചിട്ടുണ്ട്.
