വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനായി റോമിലെ ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് നടത്തിയ ടിഷ്യു പരിശോധനയിലാണ് (Biopsy) കാൻസർ ബാധ സ്ഥിരീകരിച്ചത്.
രോഗം വളരെ നേരത്തെ കണ്ടെത്താനായെന്നും അത് ഒരു പ്രത്യേക ഭാഗത്ത് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതാണെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. എങ്കിലും കാൻസർ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി മാർപാപ്പ ഒരാഴ്ച കൂടി ആശുപത്രിയിൽ തുടർന്ന് വിശ്രമം സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഈ മാസം 20 വരെയുള്ള മുഴുവൻ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
അടുത്തിടെ നടത്തിയ പതിവ് ആരോഗ്യ പരിശോധനയ്ക്കിടയിലാണ് ശ്വാസകോശത്തിൽ അപാകത കണ്ടെത്തിയത്. കത്തോലിക്കാ സഭയുടെ തലവനായി 2025-ൽ ചുമതലയേറ്റ അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പ, ടെന്നീസും നീന്തലുമടക്കം വളരെ സജീവമായ ജീവിതശൈലി നയിക്കുന്ന വ്യക്തിയാണ്. മുൻപ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് റിപ്പോർട്ട് ചെയ്തിരുന്നില്ല.
