രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്ററന്റുകളും സമരത്തിലേക്ക്. ഒക്ടോബർ 15 മുതൽ ₹2,000ന് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. അധിക ഫീസ് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൽ റസാഖും വ്യക്തമാക്കി.
പുതിയ നിബന്ധന പ്രകാരം ₹5,000ന്റെ ഇടപാടിന് ₹20, ₹10,000ന്റെ ഇടപാടിന് ₹40, ₹25,000ന്റെ ഇടപാടിന് ₹100 എന്നിങ്ങനെ വ്യാപാരികൾ ഫീസായി നൽകേണ്ടിവരും. ₹75,000ന് മുകളിലുള്ള ഇടപാടുകൾക്ക് പരമാവധി ₹300 ആണ് ഫീസ്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തുക ഈടാക്കില്ലെങ്കിലും, വ്യാപാരികളുടെ വരുമാനത്തിൽ നിന്ന് ഈ തുക കുറയുന്നത് പ്രവർത്തനച്ചെലവ് ഉയർത്തുമെന്നാണ് ആശങ്ക.
ഹോട്ടലുകൾക്ക് പുറമെ സൂപ്പർമാർക്കറ്റ് മേഖലയും പ്രതിഷേധരംഗത്തുണ്ട്. ഒക്ടോബർ 15-ന് യുപിഐ പേയ്മെന്റുകൾ പൂർണ്ണമായും ഒഴിവാക്കുമെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള പ്രഖ്യാപിച്ചു.
അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കും ₹2,000 വരെയുള്ള വ്യാപാര ഇടപാടുകൾക്കും ഫീസ് ബാധകമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ആകെ യുപിഐ ഇടപാടുകളുടെ 96 ശതമാനവും ഫീസ് പരിധിക്ക് പുറത്തായിരിക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം. അതിനിടെ, പുതിയ സംവിധാനം നടപ്പാക്കുന്നത് അടുത്ത വർഷം ജനുവരി ഒന്നിലേക്ക് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
