കൊച്ചി: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്ന് കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യംചെയ്തുള്ള പിഎസ്സിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. എത്ര മൂടിവെച്ചാലും സത്യം ഒരുനാള്‍ മറനീക്കി പുറത്തുവരുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ പറഞ്ഞു. സിബിഐ സിരീസിലെ സേതുരാമയ്യരെ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. പിഎസ്സി തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഗവര്‍ണറുടെ പിരിച്ചുവിടല്‍ ശുപാര്‍ശക്കും കോടതി വിമര്‍ശനങ്ങള്‍ക്കുമിടെ പിഎസ്സിയില് വലിയ പൊട്ടിത്തെറിയാണ് നടക്കുന്നത്. ചെയര്മാന് എം.ആര്. ബൈജുവിനെ പൂര്‍ണമായും തള്ളിക്കൊണ്ട് ഒരു വിഭാഗം പിഎസ്സി അംഗങ്ങള്‍ രംഗത്തെത്തി. മടിയില്‍ കനം ഇല്ലാത്തതിനാല്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്നാണ് ഇവരുടെ നിലപാട്. ഇതിനിടെ ഗുരുതര നിയമന ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫിഷറീസ്, ഖാദി ബോര്‍ഡ് പരീക്ഷകളിലും ക്രൈംബ്രാഞ്ച് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പിഎസ്സിയുടെ ഹര്‍ജിയില്‍ നവംബര്‍ രണ്ടിന് കോടതി വിശദമായ വാദം കേള്‍ക്കും. ചെയര്‍മാന്റെ എതിര്‍പ്പുകള്‍ തള്ളിയാണ് കമ്മീഷന് അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. അന്വേഷണവുമായി സഹകരിക്കാതിരുന്നാല്‍ കമ്മീഷന് ഒന്നാകെ പിരിച്ചുവിടുന്ന തീരുമാനത്തിലേക്ക് രാഷ്ട്രപതി എത്തിയേക്കുമെന്ന് അംഗങ്ങള്‍ തുറന്നടിച്ചു. മൊഴിയെടുക്കാന്‍ അന്വേഷണസംഘം പിഎസ്സിയിലേക്ക് എത്തണമെന്നായിരുന്നു നേരത്തേ അംഗങ്ങളുടെ ആവശ്യം. എന്നാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ചെയര്‍മാന്റെ മാത്രം താല്പര്യമായിരുന്നു. ഇന്നലെ ഹൈക്കോടതി നിലപാട് ചര്‍ച്ചചെയ്യാന്‍ ചെയര്മാന് വിളിച്ച യോഗത്തില്‍ നിന്ന് ഒരു വിഭാഗം കമ്മീഷന് അംഗങ്ങള്‍ പ്രതിഷേധിച്ച് വിട്ടുനില്‍ക്കുകയും ചെയ്തു. ചെയര്മാന് വിശേഷാധികാരം ദുരുപയോഗം ചെയ്തുവെന്ന് കാട്ടി ചില അംഗങ്ങള്‍ മുഖ്യമന്ത്രിക്കും നേരത്തെ പരാതി നല്‍കിയിരുന്നു.
നാളെയാണ് പരീക്ഷ തട്ടിപ്പില്‍ ചെയര്മാന് എം.ആര്. ബൈജു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ എം.ആര്. ബൈജു ക്രൈംബ്രാഞ്ചിന് വഴങ്ങുമോ എന്നാണിനി അറിയേണ്ടത്.
യോഗ്യതയില്ലാത്തവരെ നിയമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് വകുപ്പിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷകളില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ റാങ്കുകാരില്‍ ഭൂരിഭാഗവും എസ്.എഫ്.ഐ പ്രവര്‍ത്തകരായതില്‍ അന്വേഷണസംഘം അഴിമതി സംശയിക്കുന്നു. കുഫോസിലെ അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ കൂടുതലായി ഉള്‍പ്പെട്ടതും ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
