കോട്ടയം: പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥൻ രാജേഷിന്റെ വീട്ടുപറമ്പിൽ വെച്ച് ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
വൈകിട്ട് കുളിപ്പിക്കുന്നതിനിടെ പെയ്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലേൽക്കുകയായിരുന്നു. ആദ്യം പരുക്ക് മാത്രമാണെന്ന് കരുതിയെങ്കിലും പിന്നീട് അനക്കമില്ലാതായതോടെ മൃഗഡോക്ടറെത്തി പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
അരുണാചൽ പ്രദേശിലെ വനങ്ങളിൽ നിന്ന് കേരളത്തിലെത്തിച്ച ബ്രഹ്മദത്തൻ കഴിഞ്ഞ 25 വർഷമായി നാട്ടാനരംഗത്തെ ജനപ്രിയ സാന്നിധ്യമാണ്. തൃശൂർ പൂരത്തിൽ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ചരിത്രമുള്ള ബ്രഹ്മദത്തൻ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു. മുൻപ് തന്റെ പ്രിയപ്പെട്ട പാപ്പാൻ ദാമോദരൻ മരിച്ചപ്പോൾ ഭൗതികശരീരത്തിൽ തുമ്പിക്കൈ ഉയർത്തി പുഷ്പാർച്ചന നടത്തിയത് ഏറെ വാർത്താശ്രദ്ധ നേടിയിരുന്നു. മനുഷ്യരുമായി അത്രമേൽ അടുപ്പം പുലർത്തിയിരുന്ന ബ്രഹ്മദത്തന്റെ വേർപാടിൽ ആനപ്രേമികളും നാട്ടുകാരും സങ്കടത്തിലാണ്.
