Zygo-Ad

സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി വ്യാപിക്കുന്നു; രണ്ടു ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം


കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി (മീസിൽസ്) രോഗവ്യാപനം രൂക്ഷമാകുന്നു. രോഗബാധയെ തുടർന്ന് മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ മരിച്ചു. കോഴിക്കോട് ജില്ലയിൽ ഒരാളും മലപ്പുറത്ത് രണ്ടുപേരുമാണ് മരിച്ചത്. രോഗം വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.

പ്രതിരോധ കുത്തിവെയ്പ്പിലൂടെ ഫലപ്രദമായി നിയന്ത്രിച്ചിരുന്ന വൈറസ് രോഗമാണ് വീണ്ടും വലിയ വെല്ലുവിളി ഉയർത്തുന്നത്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ 30 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ഇതുവരെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാധിതരിൽ ഭൂരിഭാഗവും കുട്ടികളാണ്. കടുത്ത പനിയും ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന തടിപ്പുകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗനിർണയവും ചികിത്സയും വൈകിയാൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ട്.

കുട്ടികളിൽ ഒൻപതാം മാസത്തിലും 16 മുതൽ 24 വരെ മാസങ്ങൾക്കിടയിലുമാണ് മീസിൽസ് റുബെല്ല (MR) വാക്സിൻ നൽകേണ്ടത്. വാക്സിനേഷൻ കൃത്യമായി പൂർത്തിയാക്കാത്തവരിലാണ് രോഗവ്യാപനം കൂടുതലായി കാണുന്നത്. ഒരേ കുടുംബത്തിലെ തന്നെ ഒന്നിലധികം കുട്ടികൾക്ക് രോഗം ബാധിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വായുവിലൂടെയും സമ്പർക്കത്തിലൂടെയും പടരുന്ന രോഗമായതിനാൽ വാക്സിനേഷൻ ക്യാമ്പയിൻ കൂടുതൽ ഊർജ്ജിതമാക്കാനുള്ള നടപടികളിലാണ് ആരോഗ്യ പ്രവർത്തകർ.



വളരെ പുതിയ വളരെ പഴയ