Zygo-Ad

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു; ജാമ്യാപേക്ഷ നാളെ കോടതിയിൽ

 


കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകട കേസിൽ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു. സുഹൈൽ നൽകിയ ജാമ്യാപേക്ഷ നാളെ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തുക. മൂന്ന് പേരുടെയും വീടുകളിലെത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.

പ്രതി സുഹൈൽ വാഹനം ഓടിക്കുന്നത് ഉൾപ്പെടെയുള്ള കൂടുതൽ ദൃശ്യങ്ങൾ പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. അപകട സമയത്ത് കാറിലുണ്ടായിരുന്ന സുഹൈൽ സജീവ്, സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സുഹൈൽ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് രക്തപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ, അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് തടയാൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചില്ലെന്നും പോലീസ് കണ്ടെത്തി.

കേസിൽ ദൃക്‌സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായക തെളിവുകളാണ്. അപകട സമയത്തെ വാഹനാവസ്ഥ വ്യക്തമാക്കുന്ന ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ (EDR) ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനിരിക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തിൽ ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, അപകടം നടന്ന വിമാനത്താവള റോഡിൽ പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. റോഡിന്റെ നിർമാണത്തിലെ പോരായ്മകൾ അപകടത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. മോട്ടോർ വാഹന വകുപ്പ്, സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഈ റോഡിൽ വേഗപ്പൂട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും രാത്രിയിലും വാഹന നമ്പർ വ്യക്തമായി പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും സിയാലിനോട് പോലീസ് നിർദേശിച്ചിട്ടുണ്ട്.

ഒക്ടോബർ 11-ന് പുലർച്ചെ 1.30-നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കുടക് സ്വദേശി ഇയ്യാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് സുഹൈൽ ഓടിച്ച മിനി കൂപ്പർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൈലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ