Zygo-Ad

നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ അഞ്ചിരട്ടി മദ്യം...?, നെടുമ്പാശ്ശേരി ബാറിൽ മാത്രം ചിലവിട്ടത് 4396രൂപ, ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ


നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായ അളവിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി ലബോറട്ടറി പരിശോധനാഫലം. കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുപ്പത് മില്ലിഗ്രാം മദ്യമാണ് ശരീരത്തിൽ അനുവദനീയമായ അളവ്. എന്നാൽ ഇതിന്റെ അഞ്ചിരട്ടി മദ്യം സുഹൈലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് മുൻപ് പ്രതികൾ നെടുമ്പാശേരിയിലെ ബാറിൽ മാത്രം നാലായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് രൂപ മദ്യത്തിനായി ചെലവിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നര വരെ മൂന്ന് ബാറുകളിൽ നിന്നായി സുഹൈൽ മദ്യപിച്ചിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. രാസലഹരി ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനുള്ള പരിശോധനാഫലം വരാനുണ്ട്. ഇരുപത്തിമൂന്ന് വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകിയതിന് എക്സൈസ് കേസെടുത്തിട്ടുണ്ട്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു. കേസിൽ അറസ്റ്റിലായ സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു 




വളരെ പുതിയ വളരെ പഴയ