Zygo-Ad

കൊല്ലത്ത് വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു; വീടിന് കനത്ത നാശനഷ്ടം


കൊല്ലം: നെടുമ്പനയിൽ വീടിനുള്ളിൽ വെച്ച് അമ്മയ്ക്കും അഞ്ചു വയസ്സുള്ള മകനും ഇടിമിന്നലേറ്റു. നെടുമ്പന പഞ്ചായത്ത് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ മുറിയിൽ കുടുംബാംഗങ്ങൾക്കൊപ്പം ആഹാരം കഴിച്ച ശേഷം അടുക്കളയിലേക്ക് പോയ സമയത്താണ് ശക്തമായ ഇടിമിന്നലേറ്റത്. കുഞ്ഞിന്റെ ദേഹമാസകലവും ശ്രീദേവിയുടെ വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ചേർന്ന് ഇവരെ ഉടൻ തന്നെ നെടുമ്പന ടി.ബി. ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. കുഞ്ഞിന്റെ പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് പിന്നീട് ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് വയറിംഗ് പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തംഗം നിസാമോളുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ച് വില്ലേജ് ഓഫീസർക്കും കെ.എസ്.ഇ.ബി.ക്കും വിവരങ്ങൾ കൈമാറി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു.



വളരെ പുതിയ വളരെ പഴയ