ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി (e-KYC) നടപടികൾ നിർബന്ധമാക്കി. ഒക്ടോബർ ഒന്നു മുതൽ ഇതിനായുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും, നവംബർ ഒന്നു മുതൽ ഈ നിയന്ത്രണം കർശനമായി നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഉപഭോക്താക്കളുടെ സബ്‌സിഡി നിരക്കിലുള്ള റീഫിൽ ബുക്കിംഗ് തടയുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ തന്നെ ഇ-കെ.വൈ.സി പൂർത്തിയാക്കിയ ഉപഭോക്താക്കൾ ഇത് വീണ്ടും ചെയ്യേണ്ടതില്ല. 2024 മുതലാണ് എൽ.പി.ജി ഉപഭോക്താക്കൾക്കായി ഇ-കെ.വൈ.സി നടപടികൾ ആരംഭിച്ചത്. മരിച്ച ഗുണഭോക്താക്കളുടെ പേരിലുള്ള പാചകവാതക കണക്ഷനുകൾ തുടരുന്നതിനായി അവകാശികൾ നിയമപരമായി പേരുമാറ്റം നടത്തുകയും പുതിയ ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെ.വൈ.സി പൂർത്തിയാക്കുകയും വേണം.
അതേസമയം, ഇ-കെ.വൈ.സി നടപടികളോട് താല്പര്യമില്ലാത്തവർക്ക് ബന്ധപ്പെട്ട ഗ്യാസ് ഏജൻസിയെ വിവിരം അറിയിച്ച ശേഷം വിപണി നിരക്കിൽ (Commercial/Non-subsidized rate) അഞ്ച് കിലോ അല്ലെങ്കിൽ പത്ത് കിലോ സിലിണ്ടറുകൾ വാങ്ങാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. സബ്‌സിഡി തുടർന്നു ലഭിക്കാൻ ഉപഭോക്താക്കൾ എത്രയും വേഗം തൊട്ടടുത്തുള്ള ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട് ബയോമെട്രിക് പരിശോധന പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ട്.
