കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള കേരള അബ്കാരി ഷാപ്സ് ഡിസ്പോസൽ റൂൾസിലെ വകുപ്പ് 7(37) ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി റദ്ദാക്കി. സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം ഉറപ്പാക്കുക എന്ന പേരിൽ തൊഴിൽ മേഖലയിൽ നിന്ന് അവരെ മാറ്റിവെക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ തടഞ്ഞുകൊണ്ടല്ല, മറിച്ച് ചൂഷണങ്ങളിൽ നിന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും സംരക്ഷണം നൽകിക്കൊണ്ടാണ് സർക്കാർ ബാധ്യത നിറവേറ്റേണ്ടതെന്ന് കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശിനി സോഫി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്.
സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷിതത്വവും തുല്യതയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ചുമതലയെന്ന് വ്യക്തമാക്കിയ കോടതി, നിലവിലെ സാഹചര്യത്തിൽ ഇത്തരം നിരോധനങ്ങൾ നീതീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
