തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം മനുഷ്യക്കടത്താണെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അടങ്ങുന്ന സംഘം അന്തർസംസ്ഥാന മനുഷ്യക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനുള്ള (Trafficking) വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കമ്മീഷൻ വ്യവസ്ഥയിലാണ് ഇളയമ്മ കുട്ടിയെ സ്പാ ഉടമകൾക്ക് കൈമാറിയത്. കുട്ടിയെ ഏൽപ്പിക്കുന്ന ഓരോ ഉപദ്രവത്തിനും പ്രത്യേക കമ്മീഷൻ തുക ഇളയമ്മ കൈപ്പറ്റിയിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതടക്കം ഗുരുതരമായ പരിക്കുകളുണ്ട്. പോക്സോ, ബലാത്സംഗം, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ കടുത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സ്പാ നടത്തിപ്പുകാരനായ സജിത്തുമായി ചേർന്നാണ് ഇവർ പെൺകുട്ടിയെ കോവളത്ത് എത്തിച്ചത്. സംഭവത്തിന് ശേഷം രജിസ്റ്റർ ബുക്കുകളും സി.സി.ടി.വി. ദൃശ്യങ്ങളും അടക്കമുള്ള പ്രധാന തെളിവുകൾ പ്രതികൾ നശിപ്പിച്ചതായി പോലീസ് കണ്ടെത്തി. പെൺകുട്ടിയെ മുൻപ് തമിഴ്നാട്ടിലും എത്തിച്ച് ചൂഷണം ചെയ്തതായി സംശയമുണ്ട്. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇവർ ചെന്നൈയിൽ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
