കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് സമാപനമാകും. മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ 1280 പോയിന്റോടെ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിലാണ്. 788 പോയിന്റുള്ള കണ്ണൂരും 759 പോയിന്റുള്ള തൃശൂരുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സീനിയർ വിഭാഗം ബേസ്ബോളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മലപ്പുറം ഇരട്ടക്കിരീടം നേടി. ജൂനിയർ പെൺകുട്ടികളുടെ ഷട്ടിൽ ബാഡ്മിന്റണിൽ എറണാകുളവും ആൺകുട്ടികളിൽ കോഴിക്കോടും ചാമ്പ്യൻമാരായി. ബോൾ ബാഡ്മിന്റൺ ജൂനിയർ പെൺകുട്ടികളിൽ മലപ്പുറവും ആൺകുട്ടികളിൽ കൊല്ലവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
