തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും സ്ഥാനക്കയറ്റവും നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതിയിൽ നിലവിലുള്ള ഹരജിയിൽ അന്തിമ വ്യക്തത വന്നതിനു ശേഷമായിരിക്കും വിഷയത്തിൽ തുടർന്നുള്ള നടപടികൾ സ്വീകരിക്കുക.
സുപ്രീം കോടതി വിധിപ്രകാരം 2028 സെപ്റ്റംബർ ഒന്നിന് മുൻപായി അധ്യാപകർ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം. പി.എസ്.സി. അഡ്വൈസ് ലഭിച്ച യോഗ്യതയില്ലാത്തവർക്ക് നിലവിൽ പ്രൊവിഷണലായി നിയമനം നൽകും. കോടതി വിധിക്ക് മുൻപ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തവരുടെ രേഖകൾ പരിശോധിച്ച് വേതനം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ലെന്ന ഇളവ് തുടരും.
